വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ മീൻ കടവിൽ കനോലിപുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ പ്രദേശവാസികൾ മൃതദേഹം കണ്ടത്. വിവരം അറിയിച്ചതോടെ വാടാനപ്പിള്ളി പോലീസും വലപ്പാട് നിന്ന് അഗ്നി സുരക്ഷ സേനാ അംഗങ്ങളും സ്ഥലത്ത് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. തുടർന്ന് ഏങ്ങണ്ടിയൂർ എംഐ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഞായറാഴ്ച തൃപയാർ പുഴയിൽ യുവാവ് മുങ്ങിത്തുടിക്കുന്നത് ഇതുവഴി പോയിരുന്നവർ കണ്ടിരുന്നു. തുടർന്ന് ഇയാൾ അടിയൊഴുക്കുള്ള പുഴയിൽ താഴ്ന്നുപോകുകയായിരുന്നു. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇയാളുടെ മൃതദേഹമാണ് മീൻ കടവിൽ കാണപ്പെട്ടതെന്നാണ് നിഗമനം. അതേ സമയം വലപ്പാട് നിന്ന് ഞായറാഴ്ച തന്നെ അന്യ സംസ്ഥാന തൊഴിലാളിയായ ഭരത് എന്ന യുവാവിനെ കാണാതായിരുന്നു. വലപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. മൃതദേഹം ഭരതിന്റേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് വാടാനപ്പള്ളി എസ്ഐ പറഞ്ഞു.